International
മോസ്കോ: യുക്രെയ്ൻ സേനയുടെ മിസൈൽ ആക്രമണത്തിൽ റഷ്യയിൽ ആറു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിലാണ് ആക്രമണമുണ്ടായത്.
ജലവിതരണസംവിധാനങ്ങളും തകർന്നു. തെരുവുവിളക്കുകൾ തെളിയാതിരുന്നതിനെത്തുടർന്ന് ബെർഗരോദ് നഗരവാസികൾ ടോർച്ചുമായി നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സാധാരണ റഷ്യൻ സേനയാണ് യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾ ആക്രമിച്ചു നശിപ്പിക്കാറുള്ളത്.
തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് പ്രദേശത്തുണ്ടായ മറ്റൊരു യുക്രെയ്ൻ ആക്രമണത്തിൽ എണ്ണ സംഭരണശാലയ്ക്കു തീപിടിച്ചു. ഡ്രോൺ ആക്രമണമാണുണ്ടായത്.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുടിന്റെ നോവ്ഗൊറോദ് മേഖലയിലെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യ ആരോപണവുമായി രംഗത്തെത്തിയത്.
യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ സേന പ്രതിരോധിച്ചതായും ലാവ്റോവ് അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല. പക്ഷേ ഇനി വിട്ടുവീഴ്കൾ ഉണ്ടാവില്ല എന്നും സെർജെയ് ലാവറോവ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സെലെൻസ്കിയുമായി ഡോണൾഡ് ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തും. ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക. ഇതിനുശേഷം യൂറോപ്യൻ നേതാക്കളുമായും സെലൻസ്കി ചർച്ച നടത്തും.
മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. യുദ്ധം അവസാനിപ്പിക്കാൻ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല.
സമാധാന പദ്ധതി ട്രംപ് മുന്നോട്ടുവച്ചെങ്കിലും യുക്രെയ്നും റഷ്യയും അംഗീകരിച്ചിരുന്നില്ല. റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. വെള്ളിയാഴ്ച രാത്രി റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ട്രംപ്. അതുകൊണ്ടുതന്നെ ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് കൊണ്ടുവരാൻ ട്രംപിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ യുക്രെയ്ന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ഒരു പരിഹാരമാണ് സെലൻസ്കി ലക്ഷ്യമിടുന്നത്.
International
കീവ്: റഷ്യപിടിച്ചെടുത്ത പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് യുക്രെയ്ൻ തിരിച്ചുപിടിച്ചു. യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച നഗരത്തിൽ പ്രസിഡന്റ് സെലെൻസ്കി സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളും സെലെൻസ്കി പങ്കുവച്ചു.
വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ന്റെ പ്രഖ്യാപനം.
എന്നാൽ കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: മാറിയ ലോകക്രമത്തിലെ പുതിയ ശക്തികളെ ഉൾപ്പെടുത്തി കോർ-5 (സി-5) എന്നൊരു കൂട്ടായ്മയുണ്ടാക്കാൻ അമേരിക്കൻ പ്രസിഡന്റ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ എന്നീ അഞ്ചു രാജ്യങ്ങളായിരിക്കും കൂട്ടായ്മയിലുണ്ടാവുക.
വൻശക്തികളുടെ കൂട്ടായ്മയായ ജി-7ൽ അംഗത്വമുള്ള ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ജർമനി, ഇറ്റലി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സി-5ൽ ഉണ്ടാവില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജി-7, ജി-20 കൂട്ടായ്മകളെപ്പോലെ സി-5ഉം പതിവായി യോഗങ്ങൾ ചേരും. പശ്ചിമേഷ്യാ സുരക്ഷയും ഇസ്രയേൽ-സൗദി ബന്ധം സാധാരണ നിലയിലാക്കലും ആയിരിക്കും ആദ്യ സി-5 ഉച്ചകോടിയുടെ അജൻഡയെന്നും പറയുന്നു.
National
ന്യൂഡൽഹി: ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഡൽഹിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം 6.35ന് ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.
ഇരുകൈകളും നീട്ടി ഹ്രസ്വമായ ആലിംഗനത്തോടെയാണ് പുടിനെ മോദി സ്വീകരിച്ചത്. ഇരുവരും ഒരേകാറില് ഒരുമിച്ചാണ് പുടിന്റെ താമസസ്ഥലത്തേക്ക് പോയത്. റഷ്യ-യുക്രെയ്ന് യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്ശനം കൂടിയാണിത്. പുടിനുവേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 11 ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടക്കുക.
സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന ഉൾപ്പടെ ഒമ്പത് കാബിനറ്റ് മന്ത്രിമാരും പുടിനൊപ്പം ചർച്ചയിൽ പങ്കാളികളാകും. ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leader Page
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പരസ്യമായി ഇസ്രയേലിനെതിരേ രംഗത്തുവരാതിരുന്നത് അവയും ഇസ്രയേലിന്റെ ഈ ലക്ഷ്യത്തെ പിന്തുണച്ചതുകൊണ്ടാണ്. ഇറാനിൽ എത്രയോ സ്ഥലങ്ങളിൽ പൗരന്മാർ ആഹ്ലാദപ്രകടനങ്ങൾ നടത്തിയതു ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അവർക്കു മർദനവും അടിച്ചമർത്തലും മരണവും മാത്രമാണ് ഭരണകൂടം നൽകിയിരുന്നത്. “മറ്റുള്ളവരെപ്പോലെ എനിക്കും വളരെ സന്തോഷമുണ്ട്”: സിറിയയിൽനിന്നുള്ള എഴുപതുലക്ഷം അഭയാർഥികളിൽ ഒരാളായ നാസർ അബ്ദുൾകരീം പറയുന്നു. തുർക്കി അതിർത്തിയോടുചേർന്ന് ബാബ്എൽ ഹവായിലാണ് കഴിഞ്ഞ ആറുവർഷമായി ഇയാൾ താമസിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് സിറിയൻ, റഷ്യൻ വ്യോമാക്രമണങ്ങൾ പേടിച്ച് ആളുകൾ അഭയം തേടിയതും ഇവിടെയാണ്.
ഇറാനും ഇസ്രയേലും
“ഞങ്ങളോട് ഇറാനും ഹിസ്ബുള്ളയും ചെയ്തത് ഭീകരമായ കാര്യങ്ങളാണ്. ഞങ്ങളുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും അവർ തകർത്തു. ആയിരക്കണക്കിനു സിറിയക്കാരെ അവർ കൊന്നു. ആരെങ്കിലും അവരെ തടഞ്ഞില്ലെങ്കിൽ അതിനിയും തുടരും.” എല്ലാം ബഷാർ അൽ അസാദിനെ ഭരണത്തിൽ നിലനിർത്താൻവേണ്ടി മാത്രം. 2013ൽ റഷ്യക്കുമുന്പേ, ഇറാൻ സിറിയയിൽ ഇടപെടാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ, ലെബനന്, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീവ്രവാദികളെ ടെഹ്റാൻ സ്വന്തം സൈനികരോടും ഭീകരരോടുമൊപ്പം സിറിയയിലെ പ്രതിപക്ഷത്തെ അമർച്ച ചെയ്യാൻ അയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കുശേഷമാണ് 12 കൊല്ലത്തിനുശേഷം അവർ സിറിയ വിട്ടത്.
“ഇസ്രയേൽ എന്നല്ല, വിശുദ്ധ ഇസ്രയേൽ എന്നു വേണം പറയാൻ”- സിറിയൻ അഭയാർഥി ക്യാന്പിലുള്ള ഒരു സിറിയക്കാരൻ പറഞ്ഞതാണിത്. സിറിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറാനെ ദുർബലമാക്കിയതിൽ അയാൾക്കു സന്തോഷമുണ്ട്; അഹമ്മദ് അൽഷറായുടെ ഭരണകൂടത്തിന് ഇസ്രയേൽ അയൽപക്കത്തുള്ള ശത്രു തന്നെയായി തുടരുമെങ്കിലും. ഹിസ്ബുള്ളയാണ് അസാദിന്റെ ഭരണം നിലനിർത്തിയിരുന്നത് എന്നത് ഒരു സത്യമാണ്. ഭീകരർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതും നേതൃനിരയുടെ ഉന്മൂലനവും ഹിസ്ബുള്ളയെ നിർവീര്യമാക്കി. ലെബനനിൽ ഹിസ്ബുള്ള ഇപ്പോൾ ഒരു നിർണായകശക്തിയല്ല. ഇറാക്കിലും സിറിയയിലും യെമനിലും ഇനിയും ഭീകരരെ പരിശീലിപ്പിക്കാൻ കഴിയണമെങ്കിൽ ഹിസ്ബുള്ളയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഒന്നരവർഷമായി ഇസ്രയേൽ ‘ഉണരുന്ന സിംഹം’ എന്ന പദ്ധതി ആവിഷ്കരിക്കുകയായിരുന്നത്രേ. ഹിസ്ബുള്ളയുടെ തലവൻ നസ്റള്ളായുടെ വധത്തോടെയാണ് പദ്ധതി മൂർത്തരൂപം പ്രാപിച്ചുതുടങ്ങിയത്. ഇറാന്റെ സൈനിക-ആണവശക്തി തകർക്കുന്നതോടെ ഇറാനിൽ പുതിയ രാഷ്ട്രീയനേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും ഇറാൻ ഉയർത്തിയ ആണവയുദ്ധഭീഷണിക്കു തത്കാലം വിരാമമായി. ഇസ്രയേലിനെ തുടച്ചുനീക്കും എന്ന ഇറാന്റെ ഭീഷണിക്കുമുന്നിൽ യഹൂദരാജ്യത്തിനു നിഷ്ക്രിയമായിരിക്കാൻ സാധ്യമല്ലായിരുന്നു. ഇസ്രയേൽ ആരുടെയും നിലനില്പ് ചോദ്യം ചെയ്തിട്ടില്ല, ആർക്കും ആ രാജ്യം ഭീഷണിയുമല്ല. ഇറാന് ആണവായുധം ഉണ്ടെങ്കിൽ ഇസ്രയേൽ എന്ന പേരിൽ ഒരു രാജ്യം നിലനിൽക്കുമായിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞതു വാസ്തവമാണ്.
ഗൾഫ് രാജ്യങ്ങളെല്ലാം ഇറാന്റെ ഭീകരപ്രവർത്തനങ്ങളോടു മുഖംതിരിച്ചാണു നിൽക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങളെ ഈ രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി; സൗദി അറേബ്യ ഉൾപ്പെടെ. മുൻപ് ഇറാനും ഇറാന്റെ ചൊല്പടിയിലുള്ള ഭീകരഗ്രൂപ്പുകളും സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും. സൗദിയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നുപോകുന്നത്. അതിലേയുള്ള കപ്പൽ ഗതാഗതം ഇറാൻ നിരോധിച്ചാൽ അത് സൗദിക്കു വലിയ തിരിച്ചടിയാകുമായിരുന്നു.
അമേരിക്ക
ഇറാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായിരുന്നു, എന്നാൽ വേണ്ടത്ര ഉണ്ടായില്ല എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മതനേതൃത്വംതന്നെ ഭരണകൂടത്തിന്റെ തലപ്പത്തു തുടരുന്നു. സമാധാനസ്ഥാപകനായി അവതരിക്കാൻ ട്രംപിനുള്ള മോഹമാണ് ഇറാനിലെ മനുഷ്യത്വവിരുദ്ധമായ ഭരണകൂടം അവിടെ തുടരാൻ കാരണം. ഇറാനിലും ലോകമെന്പാടുമുള്ള എണ്ണമറ്റ മനുഷ്യർ അക്കാര്യത്തിൽ നിരാശരാണ്. ഖമനയ്യുടെ ആളുകൾക്ക് ഇനിയും തങ്ങളുടെ മർദനോപാധികൾ തുടരാം, ഇസ്രയേലിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താം.
ഇക്കഴിഞ്ഞ യുദ്ധത്തിൽ അമേരിക്ക ഇറാന്റെ ആണവപദ്ധതികളെ നിർണായകമായി ആക്രമിച്ചു. ഈ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചിന്തകനായ സ്റ്റെഫാൻ ഗ്രിഗാറ്റ് പറഞ്ഞത് ഇങ്ങനെയാണ്: “യഹൂദവിരോധത്തിനെതിരേ നടന്ന ഏറ്റവും പ്രായോഗികവും അത്യാവശ്യവുമായിരുന്ന നടപടിയായിരുന്നു അത്.” ഇറാന്റെ അണ്വായുധ പദ്ധതികളെ നിശേഷം നശിപ്പിക്കാൻ അമേരിക്കൻ ബോംബുകൾക്ക് കഴിഞ്ഞോ എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്. അവരുടെ പദ്ധതികളെ കുറെ മാസങ്ങൾ പിന്നോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. രഹസ്യപ്പോലീസിന്റെ നിരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭീകരപ്രസ്ഥാനമായ ബസീച് തീവ്രവാദസംഘത്തിന്റെ നേതാക്കന്മാരെ ഇല്ലാതാക്കി. എവിൻ തുറുങ്കും തകർത്തു.
എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇറാന്റെ ശീലം. സ്വന്തം പൗരന്മാരുടെ പ്രതിഷേധപ്രകടനങ്ങളെ അതിക്രൂരമായാണ് ഇറാൻ അടിച്ചമർത്തിയിരുന്നത്. പ്രതിഷേധക്കാരുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധത്തിൽ വാതകപ്രയോഗങ്ങളും ഇറാൻസേന നടത്തിയിരുന്നു. എവിൻ ജയിലിലാണ് പ്രതിഷേധക്കാരെ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യമോഹത്താൽ പ്രേരിതരായി തെരുവുകളിൽ നൃത്തമാടിയ ഇറാൻ ജനത, ട്രംപ് പ്രഖ്യാപിച്ച യുദ്ധവിരാമംകേട്ട് നിശബ്ദരായി. ഭരണകൂടത്തെ മാറ്റും എന്നു കൊട്ടിഘോഷിച്ച ട്രംപ് അതിൽനിന്നു പിന്മാറി. ട്രംപിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ഇറാൻകാരും കരുതുന്നു. ഇസ്രയേലും അങ്ങനെതന്നെ കരുതുന്നു.
ഇസ്രയേലിന് മേലിൽ ഇറാന്റെ ഭീഷണി ഉണ്ടാവുകയില്ലേ? തീവ്ര ഇസ്ലാമികവാദത്തിന്റെ രക്തസാക്ഷിത്വവാദം ഉയർത്തിപ്പിടിക്കുന്ന ഖമനയ്മാർക്കും സംഘത്തിനും സമാധാനം പുലരണം എന്ന ആഗ്രഹമൊന്നുമില്ല. ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്ചയായി ചരിത്രം വിലയിരുത്തുമോ?
രക്തരൂഷിതമായ മരണത്തെ ആഘോഷിക്കുന്നവരുമായി സമാധാനം സ്ഥാപിക്കുക ദുഷ്കരമാണ്. എല്ലാ യഹൂദരെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇറാൻ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗാനുരാഗികൾക്കും പാശ്ചാത്യസംസ്കാരത്തിനും എതിരാണ്. സ്ത്രീകൾക്ക് സമത്വം അംഗീകരിച്ചുകൊടുക്കാൻ ഇറാൻ തയാറല്ല, താലിബാനെപ്പോലെ. അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു ഇറാനെ നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു വിശ്വസിക്കാൻവയ്യ.
വെടിനിർത്തലിനുശേഷം ഇറാൻ ഭരണകൂടം ആദ്യമായി ചെയ്തത് പ്രതിപക്ഷ നേതാക്കളെയും ജനാധിപത്യവാദികളെയും ഇസ്രയേൽ ചാരന്മാർ എന്നു മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുകയാണ്. അനേകംപേർ മരണശിക്ഷയ്ക്കും വിധിക്കപ്പെടും എന്നും തീർച്ച. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ഏതു പരിശ്രമവും കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇറാൻകാർതന്നെ ഭരണമാറ്റത്തിനു ശ്രമിക്കണം എന്നു പറയുന്നവർ അവിടെ നടക്കുന്ന വ്യാജ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഭരണകൂടത്തിന്റെ മർദകനയങ്ങളെക്കുറിച്ചും അജ്ഞരാണ്. ദശലക്ഷക്കണക്കിനു പൗരന്മാരാണ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത്.
റഷ്യ
ആദ്യം സിറിയ. ഇപ്പോൾ ഇറാനും. റഷ്യക്ക് പശ്ചിമേഷ്യയിൽ അതിന്റെ സഖ്യകക്ഷികളെ സഹായിക്കാൻ പറ്റാതെ വന്നിരിക്കുന്നു. അവരുടെ സ്വാധീനവും കുറഞ്ഞു. ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ക്രെംലിനിൽ വച്ച് കരാർ ഒപ്പിട്ടതു ശരി. പക്ഷേ, അഞ്ചു മാസത്തിനുശേഷം റഷ്യയ്ക്ക് ഇറാനെ സഹായിക്കാനായില്ല. വിദേശകാര്യമന്ത്രി അരാഗ്ചിക്കു മോസ്കോയിൽനിന്നു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ തയാറാവുകയില്ലെന്നു വ്യക്തമായിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധംതന്നെ റഷ്യയെ തളർത്തിയിരിക്കുകയാണ്. മാത്രമല്ല, നഷ്ടപ്പെട്ടുപോയ പ്രാധാന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് റഷ്യ. സിറിയയിൽതന്നെ റഷ്യയുടെ സുപ്രധാന പങ്കാളിയെ റഷ്യക്കു നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ അസാദിനു റഷ്യയിൽ അഭയം നൽകിയതുപോലെ ഒരുപക്ഷേ ഇറാൻ ഭരണാധികാരികൾക്കും അഭയമേകാൻ റഷ്യ തയാറാകുമായിരുന്നു. ഇതിൽ കൂടുതലൊന്നും റഷ്യക്ക് ആകുമായിരുന്നില്ല.
Business
മുംബൈ: ജൂണിൽ റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ വർധിപ്പിച്ചു. സൗദി അറേബ്യ, ഇറാക്ക് തുടങ്ങിയ പശ്ചിമേഷ്യൻ വിതരണക്കാരിൽനിന്ന് മൊത്തം ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാണിത്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിപണി അസ്ഥിരമായി തുടരുന്നതിനിടെയാണ് ഇന്ത്യ റഷ്യൻ ഓയിലിന്റെ വാങ്ങൽ ഉയർത്തിയത്.
ജൂണിൽ, ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം 2-2.2 മില്യണ് ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽനിന്ന് വാങ്ങിയ മൊത്തം എണ്ണയുടെ അളവിനേക്കാൾ കൂടുതലുമാണിതെന്ന് ആഗോള വ്യാപാര വിശകലന സ്ഥാപനമായ കെപ്ലറിന്റെ പ്രാഥമിക ഡാറ്റ കാണിക്കുന്നു. മേയ് മാസത്തിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 മില്യണ് ബാരൽ (ബിപിഡി) ആയിരുന്നു.
കൂടാതെ, യുഎസിൽനിന്നുള്ള ഇറക്കുമതി ജൂണിൽ പ്രതിദിനം 4,39,000 ബാരലായി ഉയർന്നു. മുൻ മാസം വാങ്ങിയ 2,80,000 ബിപിഡിയിൽനിന്നാണ് ഈ വൻ കുതിച്ചുചാട്ടം.
ജൂണിൽ പശ്ചിമേഷ്യയിൽനിന്നുള്ള ഇറക്കുമതി പ്രതിദിനം ഏകദേശം രണ്ടു മില്യണ് ബാരൽ ആയിരിക്കുമെന്നും മേയ് മാസത്തെ വാങ്ങലിനേക്കാൾ കുറവാണെന്നും കെപ്ലർ അനുമാനിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി നടത്തുന്നതും ഉപഭോഗം ചെയ്യുന്നതുമായ രാജ്യമാണ് ഇന്ത്യ. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷമാണ് ഇന്ത്യ വലിയ അളവിൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. പരന്പരാഗതമായി ഇന്ത്യ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. റഷ്യക്കെതിരേ പാശ്ചാത്യ ഉപരോധങ്ങൾ മൂലവും ചില യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള വാങ്ങലുകൾ നിർത്തിയതിനാലും മറ്റ് അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അപേക്ഷിച്ച് എണ്ണ ഗണ്യമായി കുറഞ്ഞ വിലയ്ക്ക് ലഭ്യമായതിനാലാണ് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. മുന്പ് മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെയായിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ 40-44 ശതമാനമായി ഉയർന്നു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം ഇതുവരെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല. വടക്ക് ഇറാനും തെക്ക് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിലാണ് ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്, സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന മാർഗമാണിത്. പ്രത്യേകിച്ച് ഖത്തറിൽ നിന്നുള്ള നിരവധി ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതികളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. സംഘർഷം രൂക്ഷമാകുന്നതോടെ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ കടലിടുക്കിലൂടെയാണ് ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും എൽഎൻജിയുടെ ഒരു പ്രധാന ഭാഗവും കയറ്റുമതി നടത്തുന്നത്. ഇതിലൂടെയാണ് ഇന്ത്യ മൊത്തം ഓയിലിന്റെ 40 ശതമാനം എണ്ണയും വാതകത്തിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുന്നത്.
എന്നാൽ റഷ്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാറില്ല. പ്രധാനമായും സൂയസ് കനാൽ, ഗുഡ് ഹോപ് മുനന്പ്, പസഫിക് സമുദ്രം എന്നിവിയിലൂടെയാണ് ഈ കപ്പലുകൾ എത്തുന്നത്.